ശബരിമലയിൽ ഇനി പൂർണതോതിൽ കുടിവെള്ള വിതരണം
പത്തനംതിട്ട: സീതത്തോട് – നിലയ്ക്കൽ കുടിവെള്ള പദ്ധതി പ്രവർത്തനസജ്ജമായി. പദ്ധതിയുടെ പ്രവർത്തനോദ്ഘാടനം നാളെ രാവിലെ 11ന് നിലയ്ക്കൽ ദേവസ്വം ബോർഡ് നടപ്പന്തലിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും. പ്രമോദ് നാരായൺ എംഎൽഎ അധ്യക്ഷത വഹിക്കും.
മന്ത്രി വീണാ ജോർജ്, നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, ആന്റോ ആന്റണി എംപി, കെ.യു. ജനീഷ് കുമാർ എംഎൽഎ എന്നിവർ പങ്കെടുക്കും. പദ്ധതി നടപ്പാകുന്നതോടെ ശബരിമലയിൽ നടതുറക്കുന്ന സമയങ്ങളിൽ ടാങ്കർ ലോറി മുഖേന നടന്നുവന്നിരുന്ന കുടിവെള്ളവിതരണ സംവിധാനം പൂർണമായും ഒഴിവാക്കാൻ സാധിക്കും.
ചെലവ് 84.38 കോടി
ശബരിമല നിലയ്ക്കൽ ബേസ് ക്യാന്പിനും സീതത്തോട് ഗ്രാമപഞ്ചായത്തിനും പെരുനാട് ഗ്രാമപഞ്ചായത്തിലെ പ്ലാപ്പള്ളി, ളാഹ പ്രദേശങ്ങൾക്കും ആവശ്യമായ കുടിവെള്ള വിതരണം ഉറപ്പാക്കുന്ന നബാർഡ് സഹായത്തോടെയുള്ള പദ്ധതി, 120 കോടി രൂപയുടെ ഭരണാനുമതിയിൽ, 84.38 കോടി രൂപ ചെലവഴിച്ചാണ് പൂർത്തിയാക്കിയിരിക്കുന്നത്.
കടുത്ത കുടിവെള്ള ക്ഷാമം അനുഭവിച്ചിരുന്ന സീതത്തോട്, പെരുനാട് പഞ്ചായത്തുകൾക്കും കുടിവെള്ളത്തിനായി കാട്ടാരുവികളെ മാത്രം ആശ്രയിച്ചു ജീവിച്ചിരുന്ന അട്ടത്തോട്, ളാഹ പ്രദേശവാസികൾക്കും സ്ഥിരമായ ജലവിതരണം ഉറപ്പാക്കാൻ പദ്ധതിയിലൂടെ കഴിയും.13 ദശലക്ഷം ലിറ്റർ പ്രതിദിനശേഷിയുള്ള ആധുനിക ജല ശുദ്ധീകരണശാല, ഒമ്പതു മീറ്റർ വ്യാസമുള്ള കിണർ, 20 ലക്ഷം ലിറ്റർ ശേഷിയുള്ള ഉന്നതതല ജലസംഭരണികൾ, 22.5 കിലോമീറ്റർ നീളമുള്ള പമ്പിംഗ് ലൈൻ എന്നിവയാണ് പദ്ധതിയുടെ പ്രധാന ഘടകങ്ങൾ.
വെള്ളം സീതത്തോട്ടിൽനിന്ന്
സീതത്തോട്ടിൽ കക്കാട്ടാറ്റിൽനിന്നാണ് പദ്ധതിക്കുവേണ്ടി വെള്ളം ശേഖരിക്കുന്നത്. പ്ലാന്റിൽ ശുദ്ധീകരിച്ച് തത്തക്കാമണ്ണിലെയും പ്ലാപ്പള്ളിയിലെയും പന്പ് ഹൗസുകളിലെ ടാങ്കുകളിൽ എത്തിക്കും. അവിടെനിന്നാണ് നിലയ്ക്കലിലേക്ക് വെള്ളം എത്തിക്കുന്നത്. കക്കാട്ടാറ്റിൽ നിന്നും നിലയ്ക്കൽ വരെ 26 കിലോമീറ്ററിലാണ് പൈപ്പ് ലൈൻ വലിച്ചിരിക്കുന്നത്. സീതത്തോട്, തുലാപ്പള്ളി, പ്ലാപ്പള്ളി, അട്ടത്തോട്, നിലയ്ക്കൽ, ളാഹ പ്രദേശങ്ങളിലേക്കും പദ്ധതിയിൽനിന്നുള്ള വെള്ളം നൽകാനാകും. 4500 കുടുംബങ്ങൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശബരിമലയിൽ തീർഥാടനകാലത്തു മാത്രമല്ല, മാസപൂജയ്ക്കും മറ്റുള്ള സമയങ്ങളിലും മുടങ്ങാതെ ജലവിതരണം സാധ്യമാകുകയും ചെയ്യും.
2016ൽ തുടങ്ങിയ പദ്ധതി
2016ലാണ് നിലയ്ക്കൽ കുടിവെള്ള പദ്ധതിയുടെ നിർമാണം ആരംഭിച്ചത്. അതിനുശേഷമുള്ള ഓരോ ശബരിമല തീർഥാടനകാലം തുടങ്ങുന്പോഴും പദ്ധതി ഉടൻ പൂർത്തീകരിക്കുമെന്ന പ്രഖ്യാപനം മാത്രമായിരുന്നു. മൂന്നു വർഷ കാലാവധിക്കുള്ളിൽ നിർമാണം പൂർത്തിയാക്കുകയായിരുന്നു ലക്ഷ്യം.
ആദ്യത്തെ കരാറുകാരൻ പദ്ധതിതന്നെ ഉപേക്ഷിച്ചുപോയതോടെ മെല്ലപ്പോക്ക് തുടങ്ങി. കരാറുകാരൻ പണി ഉപേക്ഷിച്ചെന്നായതോടെ ടെർമിനേഷൻ നടപടികൾ നടത്തി പുതിയ കരാർ നൽകി. ആദ്യം പണി ഏറ്റെടുത്തയാളെ കരിന്പട്ടികയിലും പെടുത്തി.
സീതത്തോട്ടിൽനിന്നു വനമേഖലയിലൂടെ വേണം പൈപ്പ് ലൈൻ പോകേണ്ടതെന്നതും തടസമായി. അനുമതികൾ ലഭിച്ച് പണികൾ പൂർത്തീകരിക്കാൻ പിന്നെയും സമയം വേണ്ടിവന്നു. കോയന്പത്തൂർ കേന്ദ്രമാക്കിയ ആർപിപി കന്പനിയാണ് ഒടുവിൽ നിർമാണം നടത്തിയത്. പമ്പയിൽനിന്നും ടാങ്കറുകളിലാണ് നിലവിൽ നിലയ്ക്കലിൽ വെള്ളം എത്തിച്ചുവന്നത്. തീർഥാടനകാലത്ത് കുടിവെള്ള വിതരണത്തിന് ലക്ഷക്കണക്കിനു രൂപയാണ് ചെലവഴിച്ചുവന്നത്.